ചിത്രത്തിന്റെ ആദ്യപ്രദർശനം ഫസ്റ്റ് ഹാഫ് പിന്നിട്ടതോടെ തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കിടിലൻ പടമാണെന്നും ഫസ്റ്റ് ഹാഫ് തകർത്തെന്നും ഉഗ്രൻപടമെന്നും അടിപൊളി പടമെന്നുമെല്ലാമാണ് പ്രേക്ഷകർ സിനിമയെ വിശേഷിപ്പിച്ചത്

ആളുകളെ പിടിച്ചിരുത്തുന്നതാണ് ചിത്രത്തിൻ്റെ ആദ്യപകുതിയെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചിത്രം മികച്ച ദൃശ്യാനുഭവമാണ് നൽകുന്നതെന്നും ചിലർ പ്രതികരിച്ചു. പൃഥ്വിരാജ് പണിയെടുത്തിട്ടുണ്ടെന്നും ലാലേട്ടൻ തകർത്തെന്നും ആരാധകർ അഭിപ്രായപ്പെട്ടു. ‘എമ്പുരാൻ’ കളക്ഷൻ ആയിരംകോടി കടക്കുമെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. മലയാളത്തിലെ ഹോളിവുഡ് മൂവിയെന്നും ചിലർ എമ്പുരാനെ വിശേഷിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് മോഹൻലാൽ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാൻ്റെ’ ആദ്യ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ മാത്രം 750-ഓളം സ്ക്രീനുകളിലാണ് ചിത്രത്തിൻ്റെ പ്രദർശനം. മോഹൻലാൽ ഉൾപ്പെടെയുള്ള വൻതാര നിരയും ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ ആദ്യഷോ കാണാനെത്തിയത്. ‘എമ്പുരാൻ’ റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതൽതന്നെ പല തീയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികൾ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിവരെ പലയിടത്തും ആഘോഷങ്ങൾ തുടർന്നു. പല സ്ക്രീനുകളിലും ഒരുദിവസം മാത്രം ഒട്ടേറെ ഷോകളാണ് എമ്പുരാന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാൻ’ ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തിൽ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, 58 കോടിയിലേറെ രൂപയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു.
http://cinema.com/mollywood